പാലക്കാട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അതിര്‍ത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലും ദേശീയപാതയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന ശക്തമാക്കുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒമ്പത് ചെക് പോസ്റ്റുകളിലും പരിശോധന തുടങ്ങിക്കഴിഞ്ഞു. 50,000 രൂപയ്ക്ക് മുകളില്‍ പണമായി കൈയില്‍ സൂക്ഷിക്കുന്നവരെയാണ് പരിശോധിക്കുക.
അതേസമയം, പണത്തിന്റെ രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ തുക പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രേഖകള്‍ ഹാജരാക്കുന്ന പൊതുജനങ്ങള്‍ക്കും വ്യവസായിക ആവശ്യത്തിന് പണം കൈമാറുന്നവര്‍ക്കും പരിശോധനകളില്‍ ഇളവു നല്‍കുമെന്നും തമിഴ്നാട് അധികൃതര്‍ വ്യക്തമാക്കി.
ഒരു നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ 12 പരിശോധക സംഘങ്ങളെ നിയോഗിച്ചു. ജില്ലാതലത്തില്‍ മറ്റൊരു സംഘവുമുണ്ട്. പോലീസിനുപുറമെ പ്രത്യേക ഫ്ളൈയിങ് സ്ക്വാഡുകള്‍ രൂപവത്കരിച്ചാണ് പരിശോധന. അത്യാവശ്യകാര്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങള്‍ക്കും പരിശോധന ശക്തമാക്കുന്നുണ്ട്.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം ഓരാള്‍ക്ക് കൈവശം വയ്ക്കാവുന്ന തുകയെന്നത് രണ്ടുലക്ഷത്തില്‍ താഴെയാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ 50,000 രൂപയാണ് കൈവശമുള്ളതെങ്കില്പോലും അതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം സൂക്ഷിക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. പരിശോധകര് ആവശ്യപ്പെട്ടാല്‍ ഉടമ രേഖകള്‍ കാണിക്കുകയും വേണം.