തിരുവനന്തപുരം; ശശി തരൂരിന്റെ ബന്ധുക്കള്‍ ശ്രീധരന് പിള്ളയുടെ സാന്നിധ്യത്തില്‍ ഇന്ന് അംഗത്വം സ്വീകരിച്ചെന്ന ബിജെപിയുടെ നാടകം പൊളിയുന്നു. പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു. തങ്ങള്‍ നേരത്തെ ബിജെപി ആയിരുന്നുവെന്ന് ശശി തരൂരിന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇങ്ങനയൊരു ചടങ്ങ് നടത്തിയത് എന്തിനാണെന്ന് അറിയില്ല. അതിനെക്കുറിച്ച് സംഘാടകരോട് ചോദിക്കണമെന്ന് ശശി തരൂരിന്റെ ചെറിയമ്മ ശോഭനാ ശശി കുമാര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷ പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ ശശി തരൂരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര് ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണിന്റെ തുടക്കമാണ് ഇതെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്. ബിജെപി അനുഭാവിയായിരുന്ന ആളുകളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി ചിത്രീകരിച്ച് അവര്‍ക്ക് വീണ്ടും ബിജെപിയില്‍ അംഗത്വം നല്‍കുകയായിരുന്നു എന്നാണ് ശശി തരൂരിന്റെ ചെറിയമ്മയുടെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്.
ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കമുള്ള പത്ത് പേര് ബിജെപിയില്‍ ചേര്‍ന്നുവെന്നായിരുന്നു ബിെജപിയുടെ അവകാശ വാദം.