കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് നല്‍കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം നല്‍കാത്തതെന്നും രാജ്യരഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ല എന്ന് എന്താണ് ഉറപ്പെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. മാത്രമല്ല സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് പറയുന്നതെന്നും കോടതി ആരാഞ്ഞു.
നിലവില്‍ അന്വേഷണ ഏജന്‍സിക്ക് വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് വിമര്‍ശിച്ച കോടതി, നിലവിലെ അവസ്ഥയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസിന് പരിമിതികള്‍ ഉണ്ടെന്നും പറഞ്ഞു. ബോട്ടുടമയടക്കം രണ്ടു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
മുനമ്പം തീരത്തു നിന്ന് കഴിഞ്ഞ ജനുവരി 12ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹിയില്‍ താമസമാക്കിയ ശ്രീലങ്കന്‍ തമിഴ് വംശജരായ പ്രഭു പ്രഭാകരന്, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.