തിരുവനന്തപുരം: വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കഴിയണമെന്ന് യുഡിഎഫിനോട് മുഖ്യമന്ത്രി പിണറായി വിജയന്.എസ്ഡിപിഐ നേതാക്കളുമായി ഇ.ടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചയെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാവുകയുള്ളു. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട് മൂലമാണ് ടോം വടക്കനെ പോലുള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത്. ഒരുപാഠവും അനുഭവങ്ങളില്‍ നിന്ന് യുഡിഎഫ് പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും ആര്‍എസ്എസിന് ബദലായി എസ്ഡിപിഐ വര്‍ഗീയ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അകല്‍ച്ച പാലിക്കാന്‍ ശ്രമിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കി. സിസിടവിയുള്ളത് കൊണ്ട് ഇപ്പോഴത്തെ ചര്‍ച്ച രേഖയായി. ചര്‍ച്ച നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഒത്തുകൂടിയത്. തെരഞ്ഞെടുപ്പ് ധാരണക്ക് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ വെച്ച് എസ്ഡിപിഐ നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പങ്കെടുത്തു.