തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുള്‍മുനയില്‍ നില്ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവുവാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്.
ഏതു നേതാക്കളെയും പാര്‍ട്ടികളെയും സംബന്ധിച്ചാണ് ബിജെപി സംസരിക്കുന്നതെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ നിരവധി നേതാക്കളുമായും പാര്‍ട്ടികളുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇവരില്‍ പല നേതാക്കളും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാണ്. ജോസഫിന്റെ കാര്യത്തില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ ബിജെപി തയാറാണ്. രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ലെന്നും മുരളീധര്‍ റാവു പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബിജെപി ഗൗരവത്തോടെയാണു കാണുന്നതെന്നും സംസ്ഥാനത്ത് ബിജെപി പടിപടിയായി മുന്നേറ്റത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ മാത്രമല്ല, കേരളത്തിലും കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏതു നേതാക്കളെയും സമ്മര്‍ദ്ദ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്നും പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിര്‍ണ്ണായക യോഗം ചേരും. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.
മതിര്‍ന്ന നേതാക്കള്‍ വഴിമാറിയതോടെ പല മണ്ഡലങ്ങളിലും പകരം സ്ഥാനാര്‍ത്ഥികളെ കുറിച്ച് ധാരണയിലെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഇടുക്കി സീറ്റിലും പിജെ ജോസഫ് മത്സരിക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.