കൊച്ചി: ലോകത്തെ തന്നെ നടുക്കിയ ജിഷ കൊലപാതകത്തിന്റെ ഭീകരത ഒഴിയും മുന്‍പേയുള്ള നിമിഷയുടെ മരണത്തില്‍ പെരുമ്പാവൂര്‍ മാത്രമല്ല, കേരളം ഒന്നടങ്കം വിതുമ്പുകയാണ്. കേരളത്തിന്റെ ഭീകരതയുടെ മുഖമാണ് ഇവിടെ വെളിപ്പെടുന്നത്. നിമിഷയെ ഓര്‍ത്ത് നാട് തേങ്ങുമ്പോള്‍ പ്രിയ ശിഷ്യയെ നഷ്ടപ്പെട്ടതിന്റെ വിങ്ങലിലാണ് അധ്യാപിക സ്വപ്ന. സുഹൃത്തുക്കള്‍ക്കും, അധ്യാപകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവള്‍. നിമിഷയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവര്‍ ഒന്നിച്ചു പറഞ്ഞു ‘പാവമായിരുന്നു അവള്…മറക്കില്ല ഞങ്ങള്‍ അവളെ, ഒരിക്കലും’.
ഒരുപാട് ഓര്‍മകളോടെയാണ് അധ്യാപികയായ സ്വപ്ന നിമിഷയെക്കുറിച്ച് സംസാരിച്ചത്. ”എന്റെ ക്ലാസിലെ ഒരു പാവം കുട്ടിയായിരുന്നു അവള്. ഇത്രയും ശാന്തമായിരിക്കുന്ന കുട്ടികള്‍ അപൂര്‍വമാണ്. ഇടവേളയില്‍ മറ്റു കുട്ടികള്‍ പുറത്തു പോകുമ്പോഴും നിമിഷ മിക്കവാറും ക്ലാസില്‍ തന്നെ ഇരിക്കും. എത്ര ബുദ്ധിമുട്ടിയാലും എന്നും ക്ലാസില്‍ വരാന്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന് മറ്റു ക്ലാസുകളിലെ പരീക്ഷ മൂലമാണ് അവളുടെ ബാച്ചിന് അവധി കിട്ടിയത്. അല്ലെങ്കില്‍ ഇന്നും ക്ലാസില്‍ വന്നേനെ. അങ്ങനെ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു. നൂറു ശതമാനം ഹാജരുണ്ടായിരുന്ന നിനക്ക് ഈ അവധി ദിനത്തില്‍ നഷ്ടമായത് സ്വന്തം ജീവനായിരുന്നല്ലോ കുഞ്ഞേ…” – സ്വപ്നയുടെ വാക്കുകള്‍ മുറിഞ്ഞു തുടങ്ങിയിരുന്നു.
”ഞങ്ങളുടെ നിമിഷ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ക്ലാസില്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അവള് ഞങ്ങളുടെ അരികില്‍ വന്നിരിക്കാറുള്ളത്. എല്ലാവരും ഭക്ഷണം പങ്കിടുമ്പോള്‍ സ്നേഹത്തോടെ അവളും അതില്‍ ചേരുമായിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ലെങ്കിലും ഞങ്ങള്‍ പറയുന്ന വിശേഷങ്ങളൊക്കെ അവള് കേട്ടിരിക്കുമായിരുന്നു” – കൂട്ടുകാരായ ഹാരിസിനും ഫാസിലിനും ജസലിനും നിറകണ്ണുകളോടെ പറയുന്നു.
ഇത്രയും ശാന്തയായ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നാണ് കോളേജിലെ സെക്യൂരിറ്റിയ്ക്കും പറയാനുള്ളത്. ‘കോളേജ് ഗേറ്റില്‍ കാവലിരിക്കുമ്പോള്‍ ദിവസവും രണ്ടു പ്രാവശ്യം മാത്രമാണ് ഞാന്‍ നിമിഷയെ കാണാറുള്ളത്. രാവിലെ കോളേജിലേക്ക് പോകുമ്പോഴും, തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും. അല്ലാത്ത സമയത്തൊക്കെ അവള് ക്ലാസില്‍ തന്നെയായിരിക്കും. മറ്റു പല കുട്ടികളും ഇന്റര്‍വെല്‍ സമയത്തും ക്ലാസില്ലാത്ത നേരത്തുമൊക്കെ കാമ്പസിന് അകത്തും പുറത്തുമൊക്കെ നടക്കാറുണ്ട്. നിമിഷയെ അങ്ങനെ പോലും ഞാന്‍ കണ്ടിട്ടില്ല. ഇത്രയും പാവമായ ആ കുട്ടിയുടെ ജീവന് ഇങ്ങനെ പൊലിഞ്ഞുപോയല്ലോ ദൈവമേ…” ജോസ് പറയുന്നു.