തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തര്‍ക്കം.
ചര്‍ച്ചനടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സൗകര്യമില്ലാത്തതിനെ ചൊല്ലിയാണ് ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് ഓഫീസറും തമ്മില്‍ തര്‍ക്കമുണ്ടായത്. ബിജെപിയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയും പദ്മകുമാറുമാണ് യോഗത്തിനെത്തിയത്. തര്‍ക്കത്തില്‍ ‘അയാം ദബോസെ’ന്ന് ടിക്കാറാം പറഞ്ഞു. തുടര്‍ന്ന് ബിജെപി നിരാകരിച്ച് കൊണ്ട് ‘നിങ്ങളല്ല ബോസെന്ന്’ പ്രതികരിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ക്യാബിനിലാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മറ്റ് പാര്‍ട്ടി നേതാക്കളും സ്ഥല പരിമിതിയെ കുറിച്ച് പരാതി ഉന്നയിച്ചു. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് സ്ഥലപരിമിതി ചൂണ്ടിക്കാണിച്ചു. സാധാരണ ഈ ക്യാബിനിലല്ല സര്‍വകക്ഷിയോഗം ചേരുന്നതെന്നും കുറച്ചുകൂടി സൗകര്യമുള്ള ഹാളിലാണെന്നും ആനത്തലവട്ടം ആനന്ദന് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതെല്ലാം ടിക്കാറാം മീണ നിരാകരിക്കുകയായിരുന്നു.