ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാതെ പേടിച്ചു മാറിനില്‍ക്കുന്നുവെന്ന പ്രചാരണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുതിര്‍ന്നവരും പുതുമുഖങ്ങളും എല്ലാം കോണ്‍ഗ്രസില്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടാനില്ലെന്നും പ്രശ്നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്നാണു കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.
സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം തെരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നു ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടത്തില്‍ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് അറിയില്ലെന്നും ശബരിമല കേരളത്തില്‍ നടന്ന ഒരു വലിയ ക്രമസമാധാന പ്രശ്നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.