തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമിയെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുക്കാന്‍ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീക്ക് ഖാസ്മി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ അഞ്ച് പ്രതികള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
അതേസമയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിലാണ് ഉത്തരവ്. അമ്മയുടെ കൂടെ പോകാനാണ് താല്പര്യമെന്ന് കഴിഞ്ഞ ദിവസം കുട്ടി കോടതിയെ അറിയിച്ചിരുന്നു.