തൊടുപുഴ: കോട്ടയം സീറ്റ് പിജെ ജോസഫിന് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ മാണിക്ക് എല്‍ഡിഎഫുമായുള്ള രഹസ്യബന്ധമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും ജോസഫിന്റെ അടുത്ത അനുയായിയുമായ ടിയു കുരുവിള പറഞ്ഞു. എല്‍ഡിഎഫിനെ സഹായിക്കാനാണ് തോമസ് ചാഴികാടനെ നിര്‍ത്തിയതെന്നാണ് ടിയു കുരുവിളയുടെ വിമര്‍ശനം. തീരുമാനത്തിന് പിന്നില്‍ ജോസ് കെ മാണിയാണെന്നും കഴിഞ്ഞ ദിവസം മാണിയുടെ വീട്ടില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പിജെ ജോസഫിന് സീറ്റ് നല്കാന് ധാരണയായതാണെന്നും എന്നാല്‍ അപ്രതീക്ഷിതമായാണ് ആ ധാരണ തെറ്റിച്ച് ചാഴികാടനെ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്കിയപ്പോള് വളരെ സന്തോഷത്തോടെ പിന്തുണച്ചവരാണെന്നും ടിയു കുരുവിള പറഞ്ഞു. നേരത്തെ എല്‍ഡിഎഫില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചാണ് ലയനം നടത്തിയതെന്നും പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകാന്‍ എല്ലാ വിട്ടുവീഴ്ചയും പിജെ ജോസഫ് ചെയ്തിരുന്നുവെന്നും കുരുവിള വ്യക്തമാക്കി.
ഇപ്പോള്‍ കെഎം മാണിക്ക് സുഖമില്ലാതിരിക്കുകയാണെന്നും ജോസ് കെ മാണിയുടെ തന്ത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും കുരുവിള പറഞ്ഞു. പാര്‍ട്ടി ഇനി പിളര്‍ന്നാലും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും നേരത്തെ എല്‍ഡിഎഫിലേക്ക് മാണി വിഭാഗം പോകാനിരുന്നപ്പോള്‍ പിജെയാണ് പിടിച്ച് നിര്‍ത്തിയതെന്നും കുരുവിള കൂട്ടിച്ചേര്‍ത്തു.