തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തിരിച്ചെത്തി. അദ്ദേഹത്തിന് ഉജ്വല വരവേല്‍പ്പ് നല്കി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ വാഹനങ്ങളുടെയും നൂറുകണക്കിന് ബൈക്കുകളുടെയും അകമ്പടിയോടുകൂടിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള, ജില്ലാ പ്രസിഡന്റ് സുരേഷ്, ബിജെപി സംസ്ഥാന നേതാക്കളായ സി ശിവന്‍കുട്ടി, ജെആര്‍ പത്മകുമാര്‍, എംഎസ് കുമാര്‍ എന്നിവരും കുമ്മനത്തെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധനാ സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല പരാമര്‍ശിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക ധ്രുവീകരണത്തിന് ഇടയാകുംവിധം പ്രചാരണം പാടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാ റാം മീണ ഇന്നലെയാണ് പ്രഖ്യാപിച്ചത്. മതം, ദൈവം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. ഇത് ശബരിമല വിഷയത്തിനു ബാധകമാണെന്നും ടീക്കാ റാം മീണ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനത്തിന്റെ പ്രസ്താവന.
അതേസമയം, ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും തെരഞ്ഞെടുപ്പ് കമ്മിഷനെ തള്ളി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്നുമാണ് കെ സുരേന്ദ്രന് പറഞ്ഞത്.