പന്തളം: കുറുകെ ചാടിയ പട്ടിയെക്കണ്ട് വിരണ്ടോടിയ ആന വഴിയിലുള്ള മതിലും കാറും തകര്‍ത്തു. ഉത്സവസ്ഥലത്ത് നിന്ന് എത്തിച്ച ശേഷം തളയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പട്ടിയെക്കണ്ട് ആന വിരണ്ടോടിയത്. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്മാര് ആനയെ റോഡരികിലുള്ള റബ്ബര്‍തോട്ടത്തില്‍ തളച്ചു.
വെണ്മണി കോയിപ്പുറത്ത് ഗോപാലകൃഷ്ണപിള്ളയുടെ വെണ്മണി നീലകണ്ഠന് എന്ന കൊമ്പനാണ് പത്തനംതിട്ട-പന്തളം റോഡില്‍ നരിയാപുരം മുതല്‍ തുമ്പമണ്‍ മുട്ടം വരെ വിരണ്ടോടിയത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂരിലുള്ള ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയെ ലോറിയില്‍ നരിയാപുരത്തേക്ക് കൊണ്ടുവന്നത്. ലോറിയില്‍ നിന്ന് ഇറക്കിയ ശേഷമാണ് ആനയുടെ കുറകെ പട്ടി ചാടിയത്.
തുടര്‍ന്ന് ആന വിരണ്ടോടുകയായിരുന്നെന്ന് ഉടമ പറഞ്ഞു. വഴിയില്‍ നരിയാപുരം പെരുമ്പ്രാല്‍ വടക്കേതില്‍ അഖിലിന്റെ കാറും വൈദ്യുതിപോസ്റ്റും ഇടമാലി ജ്യോതിഭവനില്‍ യശോധരന്റെ മതിലും ആന തകര്‍ത്തു. പന്തളം റോഡിലെത്തി കെഎസ്ആര്‍ടിസി ബസില്‍ കുത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പന്തളം-പത്തനംതിട്ട റോഡില്‍ മൂന്നു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. കൊടുമണ്‍ സിഐ വിനോദ്, പന്തളം എസ്ഐ ഡി അനൂപ് എന്നിവര്‍ സ്ഥലത്തെത്തി. ഏഴുമണിയോടെ തുമ്പമണ്‍ മുട്ടം ഭാഗത്തെത്തിയ ആനയെ പാപ്പാന്മാര് തൊട്ടടുത്തുള്ള റബ്ബര്‍തോട്ടത്തില്‍ തളക്കുകയായിരുന്നു.