തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എത്തും. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
കുമ്മനത്തിനു പുറമേ രാജ്യസഭാംഗം സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തേക്കു ബിജെപി പരിഗണിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ കുമ്മനം എത്തുമെന്ന സൂചന ശക്തമായിരുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസും ശക്തമായ നിലപാടെടുത്തിരുന്നു.
തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി ബിജെപി വിലയിരുത്തുന്നത് കുമ്മനത്തെയാണ്. ബിജെപിയുടെ ആഭ്യന്തര സര്‍വേകളിലും കുമ്മനത്തിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ തവണ 14,501 വോട്ടിനാണ് ബിജെപിയുടെ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു.
കുമ്മനത്തിന് വേണ്ടി സംസ്ഥാന അധ്യക്ഷനും, ആര്‍എസ്എസും, മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും അടക്കമുള്ളവര്‍ പരസ്യമായി രംഗത്തിന് വന്നതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം ആവശ്യം അംഗീകരിച്ചത്.