തിരുവനന്തപുരം: അന്തര്‍ദേശീയ വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്. കൂടാതെ പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വനിതാ പോലീസ് ഉദ്യോഗസ്ഥരായിരിക്കും നിര്‍വഹിക്കുക. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
ഒന്നിലധികം വനിതാ എസ്ഐമാര്‍ ഉള്ള സ്റ്റേഷനുകളില്‍ നിന്ന് അധികം ഉള്ളവരെ സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും. വനിതാ പോലീസ് ഓഫിസര്‍മാര്‍ ഇല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരെയും സിവില്‍ പോലീസ് ഓഫിസര്‍മാരെയും പെതുജനങ്ങളുമായി ഇടപഴകുന്നതിനായുള്ള ചുമതലകളില്‍ നിയോഗിക്കും. ഇതിനുള്ള നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ അവരവരുടെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് നല്കി.
വനിതാദിനാചരണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളുമായി സഹകരിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.