തിരുവനന്തപുരം: യോഗയുടെ വികാസത്തിന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ച മാതൃകയാണെന്ന് കൊറിയന്‍ യോഗ ഫെഡറേഷന് പ്രസിഡന്റ് സ്വീഗ് വാന്‍ ലീ. ആയുര്‍വേദവും യോഗയും കൂടി യോജിപ്പിച്ച് കൊറിയയില്‍ പദ്ധതി നടപ്പാക്കാനായാണ് ഇവര്‍ കേരളത്തിലെത്തിയത്. കേരളത്തിലെ ട്രെയിനര്‍മാരെയും ഡോക്ടര്‍മാരെയും ഉപയോഗിച്ചുള്ളതാണ് പദ്ധതി.
ജീവിതശൈലി രോഗങ്ങള്‍ കൊറിയയെ വലിയ രീതിയില്‍ ബാധിച്ചു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് യോഗയും ആയുര്‍വേദവും ചേര്‍ത്തുള്ള പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്ന് സംഘം വ്യക്തമാക്കി. ഇന്ത്യയില്‍ പലയിടത്തും സഞ്ചരിച്ച സംഘത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടം കേരളമാണെന്നും അസോസിയേഷന് സെക്രട്ടറി ജിഹി കിം പറയുന്നു.
കൊറിയയും കേരളവുമായി വലിയ സാമ്യതകളുണ്ട്. ഇവിടത്തെ അന്തരീക്ഷവും ഭക്ഷണവുമെല്ലാമാണ് അതിന്റെ കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരത്ത് ഏഷ്യന്‍ യോഗ ച്യാമ്പ്യന്ഷിപ്പിനായി കഴിഞ്ഞ വര്‍ഷം ഇവര്‍ എത്തിയിരുന്നു. ഇതിലൂടെ കേരളത്തിലെ യോഗയെക്കുറിച്ച് മനസ്സിലാക്കിയാണിവര്‍ ഇപ്പോള്‍ പദ്ധതിയുമായി വന്നത്.