തിരുവനന്തപുരം: റെയില്‍വേ നാല് കാറ്റഗറി നമ്പറുകളിലായി പ്രഖ്യാപിച്ച മെഗാ റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലുള്ള 13 തസ്തികകളിലേക്കാണ് 01/2019 കാറ്റഗറി നമ്പറില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 35,277 ഒഴിവുകളാണുള്ളത്.
തിരുവനന്തപുരം ആര്ആര്ബിക്കുകീഴില് ഏഴുതസ്തികകളിലായി 897 ഒഴിവാണുള്ളത്. എല്ലാ തസ്തികയ്ക്കും രണ്ടുഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ ഉണ്ടാവും. ടൈപ്പിങ് യോഗ്യത വേണ്ട തസ്തികകള്‍ക്ക് മൂന്നാം ഘട്ടത്തില്‍ ടൈപ്പിങ് ടെസ്റ്റുമുണ്ടാവും.
ട്രാഫിക് അസിസ്റ്റന്റ്, സ്റ്റേഷന്മാസ്റ്റര് തസ്തികകള്‍ക്ക് മൂന്നാംഘട്ടമായി കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചിപരീക്ഷ ഉണ്ടാവും.ആദ്യഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ജനറല്‍ അവയര്‍നസ്-40, ഗണിതം-30, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്-30 എന്നിങ്ങനെ ചോദ്യങ്ങളുണ്ടാവും.
90 മിനിറ്റാണ് പരീക്ഷാദൈര്‍ഘ്യം. മൂന്ന് തെറ്റിന് ഒരു മാര്‍ക്ക് എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാനതീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rrbthiruvananthapuram.gov.in സന്ദര്‍ശിക്കുക.
തസ്തികയും യോഗ്യതയും
– കൊമേഴ്സ്യല്‍ അപ്രന്റിസ്, സ്റ്റേഷന് മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ്, സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, ട്രാഫിക് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം.
– ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, സീനിയര്‍ ടൈം കീപ്പര്‍: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.
– കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്, ട്രെയിന്‍സ് ക്ലാര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം.
– അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ടൈം കീപ്പര്‍: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.
പ്രായം: പ്ലസ്ടു അടിസ്ഥാനയോഗ്യതയായ തസ്തികകള്‍ക്ക് 2019 ജൂലായ് ഒന്നിന് 18-30. ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകള്‍ക്ക് 2019 ജൂലായ് ഒന്നിന് 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പരീക്ഷാഫീസ്: 500 രൂപ. ഒന്നാംഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാവുന്നവര്‍ക്ക് ഇതില്‍ 400 രൂപ തിരിച്ചുനല്‍കും. എസ്.സി., എസ്.ടി., വിമുക്തഭടര്‍, അംഗപരിമിതര്‍, വനിതകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷവിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്കവിഭാഗക്കാര്‍ (വാര്‍ഷിക കുടുംബവരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍) എന്നിവര്‍ ഫീസായി 250 രൂപ അടയ്ക്കണം. ഇവര്‍ ഒന്നാംഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാല്‍ ഈ തുക ബാങ്ക്ചാര്‍ജ് കിഴിച്ച് തിരിച്ചുനല്‍കും.