ഗുരുവായൂര്‍: ഇനിമുതല്‍ ഗുരുവായൂരില്‍ വിവാഹ ഫോട്ടോ എടുക്കാനായി 500 രൂപ കൊടുക്കണം. ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ ഫോട്ടോ എടുക്കാന്‍ 500 രൂപ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദേവസ്വം. മണ്ഡപങ്ങളില്‍ കയറി ഫോട്ടോ എടുക്കാനാണ് ഫീസ് നല്‍കേണ്ടത്.
കല്യാണങ്ങള്‍ ശീട്ടാക്കുമ്പോള്‍ ഇനി ഫോട്ടോ ടോക്കണ്‍ കൂടി എടുക്കണം. 500 രൂപയ്ക്ക് നാല് ടോക്കണായിരിക്കും ലഭിക്കുക. പണം നല്കുമ്പോള് ലഭിക്കുന്ന ടോക്കണുമായി വരുന്ന രണ്ട് വീഡിയോ ഗ്രാഫര്‍മാരേയും രണ്ട് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരേയും മാത്രമേ വധൂ വരന്മാര്ക്കൊപ്പം മണ്ഡപത്തിലേക്ക് കയറാന്‍ അനുവദിക്കുകയുള്ളൂ.
എന്നാല്‍ കല്യാണ മണ്ഡപത്തിന് പുറത്ത് ഫോട്ടോ എടുക്കാന്‍ നിയന്ത്രണമില്ല. ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇത് നടപ്പാക്കുക എന്ന് ദേവസ്വം ചെയര്മാന് കെബി മോഹന്‍ദാസ് പറഞ്ഞു. തീരുമാനത്തിന് ദേവസ്വം ഭരണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.