കൊല്ലം: കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരെ പ്രിയ, റിയ എസ്റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിച്ച നടപടിയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കൊല്ലം ജില്ലാ കളക്ടര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന പരാതിയിലാണ് അന്വേഷണം. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് കരം സ്വീകരിച്ചത്.
കൊല്ലം തെന്മലയിലെ റിയ, പ്രിയ എസ്റ്റേറ്റിന്റെ കൈവശമുളള ഭൂമിയുടെ കരം സ്വീകരിച്ചത് ജനുവരി അഞ്ച്, ഫെബ്രുവരി പത്ത് തീയതികളിലായിട്ടായിരുന്നു. തെന്മല വില്ലേജ് ഓഫീസറാണ് എസ്റ്റേറ്റിന്റെ കൈവശമുളള 83.32 ഹെക്ടര്‍ ഭൂമിയുടെ നികുതി സ്വീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ റിയ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. റവന്യൂ മന്ത്രിയുടെ നിലപാട് ഉപാധികളോടെ മാത്രമെ നികുതി സ്വീകരിക്കാനാകൂ എന്നായിരുന്നു.
ആര്യങ്കാവ് വില്ലേജ് ഓഫീസറാണ് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് പ്രിയ എസ്റ്റേറ്റിന്റെ 500 ഏക്കറില്‍ കരം ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ ഈടാക്കിയായിരുന്നു കരം ഒടുക്കി നല്‍കിയത്. ഫെബ്രുവരി 18 നാണ് പ്രിയ എസ്റ്റേറ്റ് അധികൃതര്‍ കളക്ടര്‍ക്ക് കരം അടയ്ക്കുന്നതിന് അപേക്ഷ നല്‍കിയത്. വെറും ഒരു ദിവസം കൊണ്ട് വിവാദ ഭൂമിയില്‍ കരം ഒടുക്കിക്കൊടുക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കളക്ടര്‍ പറഞ്ഞിട്ടാണ് പ്രിയ എസ്റ്റേറ്റിന് കരം ഒടുക്കി നല്‍കിയതെന്ന് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു.