തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായി. ഇത്തവണ 1,42,921 പേരാണ് പ്രവേശന പരീക്ഷയ്ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു അപേക്ഷാ സമര്‍പ്പണത്തിനുള്ള സമയം.
ജനനത്തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റ് രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാം. പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും മാര്‍ച്ച് ഏഴ് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഇതിനായി പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
ഇത്തവണ 96,535 പേരാണ് മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കാണ് അപേക്ഷിച്ചത്. 92,905 പേര് എന്ജിനീയിറിങ്ങിനും അപേക്ഷിച്ചിട്ടുണ്ട്. ഏപ്രില്‍ 22, 23 തീയതികളിലാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ. മേയ് അഞ്ചിന് ദേശീയതലത്തില്‍ നടക്കുന്ന നീറ്റ് യുജി പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം.