കൊടുങ്ങല്ലൂര്‍: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൊടുങ്ങല്ലൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് നയിക്കുന്ന പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമാണ് മോഡി സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്.രാജ്യത്തെ സേവിക്കുയെന്ന ലക്ഷ്യം അതേപടി നടപ്പാക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു. അത് ബിജെപിയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിന് ചുട്ട മറുപടി നല്കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ സേനയുടെ കരുത്ത് മോഡി ലോകത്തിനു കാട്ടിക്കൊടുത്തുവെന്നും സ്മൃതി ഇറാനി പറഞ്ഞു. പാകിസ്താനില്‍ കയറി ഉള്ള അക്രമം ഇതിനു തെളിവാണ്. പക്ഷെ കോണ്‍ഗ്രസ് ഈക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. സൈനീക ആക്രമണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടെയാണ് സൈനീക ആക്രമണം സ്മൃതി ഇറാനി പ്രചരണ ആയുധമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയ്ക്ക് ഇന്നാണ് സംസ്ഥാനത്ത് തുടക്കമായത്. കേരളത്തിന്റെ നാല് മേഖലകളിലായി നാല് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പരിവര്‍ത്തന്‍ യാത്രയ്ക്ക് തുടക്കമായത്. കോഴിക്കോട് എംടി രമേശ്, പാലക്കാട് ശോഭാ സുരേന്ദ്രന്, എറണാകുളത്ത് എഎന്‍ രാധാകൃഷ്ണന്, തിരുവനന്തപുരം മേഖലയില്‍ കെ സുരേന്ദ്രന് തുടങ്ങിയവരാണ് യാത്രാ നായകര്‍. പികെ കൃഷ്ണദാസ്, സികെ പത്മനാഭന് എന്നിവര്‍ പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പരിവര്‍ത്തന്‍ യാത്രയുടെ ഉദ്ഘാടകരായി. വരും ദിവസങ്ങളില്‍ രാജ്നാഥ് സിംഗ്, സുഷമാസ്വരാജ് തുടങ്ങിയവര്‍ യാത്രയുടെ ഭാഗമാകും.