തൃശ്ശൂര്‍: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെഎഎസ്പി) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. ആരോഗ്യമന്ത്രി കെകെ ശൈലജയും അധ്യക്ഷത വഹിച്ച് ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസകും പങ്കെടുത്തു.
സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെക ശൈലജ പറഞ്ഞു. 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍എസ്ബിവൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 1,824 മെഡിക്കല്‍ പാക്കേജുക്കള്‍ക്കുള്ള നിരക്കുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.