കൊച്ചി: പെരിയ ഹര്‍ത്താലില്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ ഏഴ് ദിവസം മുന്നേ നോട്ടീസ് നല്‍കണമായിരുന്നുവെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും നോട്ടീസ് നല്‍കണമെന്ന ഉത്തരവിന് ആസ്പദമായ കേസില്‍ താനോ യൂത്ത്കോണ്‍ഗ്രസ് അംഗങ്ങളോ കക്ഷികളല്ലെന്നും ഡീന്‍ ഹൈക്കോടതിയെ അറിയിച്ചു.
പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പറ്റേന്ന് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡീനിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആക്രമണങ്ങളുടെയും പേരില്‍ ഡീനിനെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.