തൃശ്ശൂര്‍: കഠിനാധ്വാനത്തിന്റെ പ്രതീകമാണ് ഹനാന് എന്ന പെണ്‍കുട്ടിയുടെ ജീവിത വിജയം, ഹനാന്റെ പോരാട്ടത്തിന് പിന്തുണയുമായി 18ാം വയസ്സില്‍ കുടുംബം പുലര്‍ത്താന്‍ തന്റെ ഉമ്മ നേരിട്ട വെല്ലുവിളികളെ തുറന്ന് പറഞ്ഞ് മാനന്തവാടിയിലെ അധ്യാപിക ഫാത്തിമത്ത് നിസാന. ഹനാനെ കണ്ടപ്പോള്‍, അവളെ അറിഞ്ഞപ്പോള്‍ മുതല്‍ ഉമ്മിയെ വല്ലാതെ മിസ്സ് ചെയ്യാണെന്നും നിസാന പറയുന്നു.
”പതിനാറാം വയസ്സിലാണ് വല്ലുപ്പാന്റെ കൂടെ ജോലി ചെയ്തിരുന്ന, തന്റെ ഇരട്ടി പ്രായമുള്ള വ്യക്തി വന്ന് ഉമ്മീനെ കല്യാണം കഴിക്കുന്നത്.. പതിനൊന്ന് മക്കളും കഷ്ടപ്പാടും ഒരു വലിയ കടമ്പ തന്നെ ആയിരുന്നോണ്ട് തന്നെ കൂടുതല്‍ ആലോചിക്കാണ്ട് തന്നെ പതിനാറ് വയസുള്ള ഉമ്മീനെ 33 വയസുള്ള വാപ്പക്ക് കല്യാണം കഴിച്ച് കൊട്ത്തു.. കൊല്ലം രണ്ട് കഴിഞ്ഞപ്പോഴേക്കും വാപ്പ ഉപേക്ഷിച്ച ഞങ്ങള്‍ രണ്ട് മക്കളേം പോറ്റാന്‍ ആ ചെറിയ പ്രായത്തില്‍ ഉമ്മി പോകാത്ത പണിയില്ല..
ഇപ്പോഴും എറണാകുളത്ത് ഓരോ സ്ഥലത്തൂടെ ബസില്‍ പോകുമ്പൊ ഓരോ ബഹുനില കെട്ടിടം കാണുമ്പോഴും, ഇതിന്റെ 5-ാം നിലയിലേക്ക് പൊട്ടിക്കാത്ത ഒരു ചാക്ക് സിമന്റ് തലയില്‍ വച്ച് ചുമന്ന് കൊണ്ട് പോയിട്ടുണ്ടെന്ന് പറയുമ്പോള്‍, അങ്ങനെ ഓരോ കഥ പറയുമ്പോള്‍, എന്തോ പെട്ടെന്ന് ആരോടൊക്കെയോ എന്തിനോടൊക്കെയോ തീര്‍ത്താല്‍ തീരാത്ത ദേഷ്യേം സങ്കടോക്കെ വരും..
പുസ്തകോം പേനയും പിടിക്കേണ്ട ഇളം കൈകളിലാണ് സിമന്റും ഇഷ്ടികേം മണലും തുമ്പേം കൈക്കോട്ടും ഒക്കെയായി… 18-ാം വയസ്സില്‍ ആണ് ഇതെന്ന് ഇപ്പൊഴും എനിക്ക് വിശ്വസിക്കാന്‍ കഴിയാത്തത് ഇരുപത്തെട്ട് വയസ് തികയാന്‍ ആകുമ്പോഴും അഞ്ച് കിലോ അരി പോലും മര്യാദയ്ക്ക് തൂക്കി പിടിച്ച് നടക്കാന്‍ ഇപ്പോഴും എനിക്കാവില്ലാത്തത് കൊണ്ടാണ്..
പ്രായമായ ഉപ്പയും ഉമ്മയും തനിക്ക് താഴെയുള്ള 8 സഹോദരങ്ങളും തന്റെ സ്വന്തം രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബം മുഴുവന്‍ തന്റെ ചുമലിലായോണ്ടാണ്, ഒരു മാസം പോലും മറന്ന് പോവാതെ എത്തുന്ന എല്ല് മുറിയുന്ന വേദനയുള്ളപ്പോള്‍ പോലും, വയറ് വേദനിച്ച് പിടഞ്ഞ് മരിക്കുമ്പോള്‍ പോലും ഒരു ലീവെടുക്കാതെ ഉമ്മി ജോലിക്ക് പോയത്.. കാര്യമായ വിദ്യാഭ്യാസം കിട്ടാത്തത് കൊണ്ട് തന്നെ കെട്ടിടം പണിക്കും മറ്റ് കൂലിപ്പണികള്‍ക്കും പോകുന്ന ഉമ്മി ഒരു ദിവസം പോലും ലീവെടുത്ത് വീട്ടിലിരുന്ന് ഞങ്ങളെ പുന്നാരിക്കുന്ന ഓര്‍മ്മ പോലും എനിക്കില്ല.. ഞങ്ങളെ നോക്കിയത് ഉമ്മീന്റെ ഉമ്മയാണ്.. മക്കളെ നോക്കുന്ന കൂട്ടത്തില്‍ രണ്ട് പേരക്കുട്ടികളേം കൂടെ..
എന്ത് വന്നാലും തളരാതെ, ഒരു വിഷമവും ഞങ്ങളെ അറിയിക്കാതെ, വാപ്പ ഉണ്ടായിരുന്നെങ്കില്‍ എന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും ആഗ്രഹം തോന്നാത്ത വിധം എന്നേം സബാനേം ഇവ്ടെ വരെ എത്തിച്ച ഉമ്മീനെ, ആ ചങ്കുറപ്പിനെ… ആ നിശ്ചയദാര്‍ഢ്യത്തെ ഭയങ്കര സ്നേഹോം ബഹുമാനോം ആണ് …
രണ്ട് ദിവസമായി ടൈംലൈനില്‍ നിറഞ്ഞ് നില്ക്കുന്ന ഹനാനെ കണ്ടപ്പോള്‍, അവളെ അറിഞ്ഞപ്പോള്‍ മുതല്‍ ഉമ്മിയെ വല്ലാതെ മിസ്സ് ചെയ്യാണ്..
ഹനാന്, അവള് ജീവിക്കട്ടെ.. നമ്മള്ടെ ആര്ടേം സഹതാപം ഒന്നും വേണ്ടാത്ത നല്ല തന്റേടമുള്ള ജീവിക്കാനറിയുന്ന മനസ്സുറപ്പുള്ള പെണ്കുട്ടിയാണവള്.. നമ്മള്ടെ മൂഡിനനുസരിച്ച് ഓണ്‍ലൈന്‍ ഇരുന്ന് നമ്മള് കൊടുക്കുന്ന സപ്പോര്‍ട്ട് അവള്‍ക്ക് വേണ്ട..പേടിയാണ് അവള്‍ക്ക് ഈ സപ്പോര്‍ട്ടുകള്‍.. നാളെ നമ്മള് തന്നെ ആണല്ലോ ഇന്ന് എത്തിച്ച അതേ ഉയരത്തില്‍ നിന്ന് അവളെയെടുത്ത് പടുകുഴിയിലിടാന്‍ പോകുന്നത്.. അവള് പഠിച്ച് ഉഷാറാവട്ടെ… വെറുതെ വിടുക എന്നതാണ് തീര്‍ച്ചയായും ഹനാനോട് നമുക്ക് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം…
(ആ നില്ക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍ പറഞ്ഞ കഥയിലെ നായിക.. ചിത്രത്തിലെ ശിശു ഈയുള്ളവളും)