കോഴിക്കോട്: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ചൂടന്‍ ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള തിരക്കിലാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. സീറ്റ് വിഭജനവും അണിചേരലുമെല്ലാം കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ ഇവിടെ നമ്മുടെ കൊച്ചു കേരളത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയാണ്.
എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ബിജെപിക്കെതിരേയും ഇത്തവണ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ ഇരുകൂട്ടര്‍ക്കും ആവശ്യമാണ്. എന്നാല്‍ ശബരിമല വിഷയം കരുത്തായി കണക്കിലെടുത്ത് അഞ്ച് സീറ്റ് വരെ ഉറപ്പിച്ച് തെരഞ്ഞെടുപ്പിനായി തയ്യാറാകാനാണ് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, സദാനന്ദഗൗഡ തുടങ്ങി നേതാക്കളുടെ വന്‍നിര കേരളത്തിലെത്തുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴേത്തട്ടിലെ പ്രവര്‍ത്തകരുടെ മനസറിയാന്‍ ബിജെപി അഭിപ്രായ ശേഖരണം തുടങ്ങി. ഓരോ മണ്ഡലത്തിലും പരിഗണിക്കപ്പെടാവുന്നവരുടെ പേരുകള്‍ പാര്‍ട്ടി കോര്‍കമ്മിറ്റി തയാറാക്കിയിരുന്നെങ്കിലും അത് കേന്ദ്ര പരിഗണനയ്ക്ക് അയക്കുന്നതിന് മുന്‍പ് സാധാരണ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായമറിയണമെന്നാണ് നിര്‍ദേശം.
ചാലക്കുടി, എറണാകുളം, കോട്ടയം, ആലപ്പുഴ സീറ്റുകളും ഘടകക്ഷികള്‍ക്ക് നല്‍കാനാണ് ബിജെപി നേതൃത്വം ആലോചിച്ചിട്ടുള്ളത്. ചാലക്കുടിയും എറണാകുളവും ആലപ്പുഴയും ബിഡിജെഎസിനും കോട്ടയം പിസി തോമസിനും നല്‍കാനാണ് തീരുമാനം. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന നാല് മേഖലാ ജാഥകള്‍ക്ക് തുടക്കമായി. ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്, എഎന്‍ രാധാകൃഷ്ണന്, കെസുരേന്ദ്രന് എന്നിവരാണ് മേഖലാ ജാഥകള്‍ നയിക്കുന്നത്.