നിലമ്പൂര്‍: കരള്‍ രോഗം ബാധിച്ച് മരിച്ച യുവാവിനെ മന്ത്രവാദ ചികിത്സയ്ക്കിടെ ക്രൂരമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തിന് അയച്ച സന്ദേശങ്ങളിലാണ് മന്ത്രവാദികളില്‍ നിന്നുണ്ടായ ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പറയുന്നത്.
ഓഡിയോ, വീഡിയോ സന്ദേശങ്ങളാണ് പുറത്തായത്. നിലമ്പൂര്‍ കരുളായി സ്വദേശിയായ യുവാവാണ് രണ്ടു ദിവസം മുമ്പ് കരള്‍ രോഗം ബാധിച്ച് മരിച്ചത്. മഞ്ചേരി ചെരണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മന്ത്രവാദിയാണ് യുവാവിന്റെ മരണത്തിന് കാരണമായത്.
18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് രോഗബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടായിരുന്ന യുവാവ് ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മന്ത്രവാദ ചികിത്സയ്ക്കായി പോയത്. വയറ്റില്‍ ബാധ കയറിയതാണ് രോഗത്തിന് കാരണമെന്നും അതിനെ ഇല്ലാതാക്കിയാലേ രോഗം മാറുകയുള്ളൂവെന്നും മന്ത്രവാദ ചികിത്സകര്‍ പറഞ്ഞു.
തുടര്‍ന്ന് ചെരണിക്കു സമീപമുള്ള ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് മരുന്നും ഭക്ഷണവും നല്‍കാതെ യുവാവിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ചികിത്സാകേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്സിലും മറ്റൊരു കെട്ടിടത്തിലുമായി 26 ദിവസമാണ് താമസിപ്പിത്. ഭക്ഷണം നല്‍കാത്തതിനു പുറമെ കഫക്കെട്ട് കൂടി അവശനിലയിലായപ്പോള്‍ ഇയാള്‍ക്ക് മരുന്നും നിഷേധിക്കുകയായിരുന്നു.
വിശ്വാസത്തെ ബാധിക്കുമെന്നതിനാല്‍ തരില്ലെന്നായിരുന്നു സിദ്ധന്റെ മറുപടി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിദ്ധനുള്‍പ്പെടെ 3 പേര് ബലം പ്രയോഗിച്ചു പിടികൂടുകയും ‘ചെകുത്താന്’ എന്ന് വിളിച്ചെന്നും യുവാവ് പറയുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് ഇയാളെ വീട്ടിലേക്ക് തിരിച്ചയച്ചത്.
ശരീരം തളര്‍ന്ന തന്റെ അനുഭവം വേറെ ആര്‍ക്കും സംഭവിക്കരുതെന്നും സുഹൃത്തിന് അയച്ച സന്ദേശത്തില്‍ യുവാവ് പറയുന്നു. മന്ത്രവാദികള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി.