തിരുവനന്തപുരം: കേരള ലാന്‍ഡ് റവന്യു വകുപ്പിന് ലോട്ടറി അടിച്ചിരിക്കയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനത്തിന് ശേഷം. പ്രഖ്യാപനത്തിന് ശേഷം ഭൂ നികുതി കളക്ഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയാണ് ലഭിക്കുന്നത്. കര്‍ഷകര്‍ക്കായുളള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ചേരാന്‍ കരമടച്ച രസീതുകള്‍ അപേക്ഷയോടൊപ്പം വയ്ക്കണമെന്ന വ്യവസ്ഥയാണ് റവന്യു വകുപ്പിന്റെ ഭൂ നികുതി കളക്ഷന്‍ റെക്കോര്‍ഡിലേക്ക് ഉയര്‍ത്താന്‍ കാരണം. വില്ലേജ് ഓഫീസുകളില്‍ നിന്ന് തിരിയാന്‍ കഴിയാത്ത തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
20 മുതല്‍ 30 വരെ ആളുകളാണ് നേരത്തെ വില്ലേജ് ഓഫീസില്‍ ഭൂനികുതി അടയ്ക്കാനെത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് 350 ന് മുകളില്‍ എത്തിയിരിക്കയാണ്. ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുപോലും നികുതി അടയ്ക്കാന്‍ കൂട്ടാക്കാത്തവര്‍ വരെ ഇപ്പോള്‍ നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസുകളിലെത്തുന്നതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തിരക്ക് നിയന്ത്രിക്കാനാകാതെ പല വില്ലേജ് ഓഫീസിലും ഉദ്യോഗസ്ഥര്‍ ടോക്കണ്‍ കൊടുക്കുകയാണ് ഇപ്പോള്‍.
കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗമാകണമെങ്കില്‍ കരം അടച്ച രസീത് വേണമെന്നതിനാല്‍ പലരുടെയും പതിറ്റാണ്ടുകളായുളള ഭൂ നികുതി, റവന്യു വകുപ്പിന് ലഭിക്കുന്നുണ്ട്. ഭൂ നികുതി അടയ്ക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മാറ്റി രസീത് ബുക്കിലാണിപ്പോള്‍ നികുതി സ്വീകരിക്കുന്നത്.