കൊച്ചി: വിടി ബല്‍റാം – കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വാക്പോര് മുറുകുന്നു. തനിക്ക് സൗകര്യമുള്ളപ്പോള്‍ ഫേയ്സ് ബുക്കില്‍ കമന്റും പോസ്റ്റും ഇടുമെന്ന് പറഞ്ഞ വിടി ബല്‍റാമിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിടി ബല്‍റാമിന്റെ തനിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സ്വയം നിയന്ത്രണമാണ് പൊതുപ്രവര്‍ത്തകര്‍ക്ക് വേണ്ടെതെന്നും, അച്ചടക്കലംഘനം കോണ്‍ഗ്രസില്‍ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി താക്കീതു ചെയ്തു.
പെരിയ ഇരട്ടകൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് പ്രതികരിച്ചില്ലെന്ന് ആരോപിച്ച് സാംസ്കാരിക നായകരെയും എഴുത്തുകാരി കെആര്‍ മീരയെയും വൃക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വിടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇത് വിവാദമായതൊടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം സംബന്ധിച്ച് കെപിസിസി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നാലെ ബല്‍റാമിനെയും മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് മുല്ലപ്പള്ളിക്ക് മറുപടിയുമായി വീണ്ടും വിടി ബല്‍റാം ഫേയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടു. പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത് എന്നായിരുന്നു ബല്‍റാമിന്റെ മറുപടി. ഇതിന് എതിരെ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.