കൊച്ചി: കൊച്ചി- വണ്‍ കാര്‍ഡ് ഇനി ബസ് യാത്ര നടത്തുന്നവര്‍ക്കും ഉപയോഗിക്കാം. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും (കെഎംആര്‍എല്‍) ആക്സിസ് ബാങ്കും ചേര്‍ന്നാണ് കൊച്ചി- വണ്‍ കാര്‍ഡ് അവതരിപ്പിച്ചത്. ഈ കാര്‍ഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇളവുകളോടെ യാത്ര ചെയ്യാം.
പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍ ബസ് യാത്രക്കാര്‍ക്ക് കൊച്ചി- വണ്‍ കാര്‍ഡ് ഫീസില്‍ ഒരു മാസത്തേക്ക് 100 ശതമാനം ഇളവാണ് ബാങ്ക് നല്‍കുന്നത്. ഇപ്പോള്‍ 50 ബസുകളില്‍ ഇതാരംഭിച്ചു. കൂടുതല്‍ ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കും.
കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോ. ഓപറേറ്റീവ് സൊസൈറ്റി, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുനൈറ്റഡ് എല്‍എല്‍പി, മാ മെട്രോ എല്‍എല്‍പി, മുസരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്പോര്‍ട്ട് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന് ബസ് ട്രാന്‍സ്പോര്‍ട്ട് എല്‍എല്‍പി എന്നിവയാണ് സേവനം ലഭ്യമാക്കുന്ന സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍.
മെട്രോ യാത്രകള്‍ക്കുള്ള 20 ശതമാനം ഇളവിനും മെട്രോ ട്രിപ് പാസുകള്‍ക്കുള്ള 33 ശതമാനം ഇളവിനും പുറമേ കാര്‍ഡ് ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് ഓപറേറ്റര്‍മാര്‍ ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം ഇളവും നല്‍കും. ആക്സിസ് ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളില്‍ കൊച്ചി- വണ്‍ കാര്‍ഡ് വാങ്ങാനും റീച്ചാര്‍ജ് ചെയ്യുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊച്ചിയിലെ കച്ചവട സ്ഥാപനങ്ങള്‍ നല്കുന്ന വിവിധ ഇളവുകളും യാത്രക്കാര്‍ക്ക് ഇത് വഴി നേടാന്‍ സാധിക്കും. ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ഉടന്‍ ലഭ്യമാക്കും. ബസുകള്‍ എവിടെ എത്തി എന്നറിയാനും ടിക്കറ്റുകള്‍ വാങ്ങാനും കാര്‍ഡിലെ ബാലന്‍സ് അറിയാനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാനും സാധിക്കും.