കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12-നാണ് രാഹുല്‍ ഇരുവരുടെയും വീടുകളിലെത്തുക. കാസര്‍കോട് ഇരട്ടക്കൊലപാതകങ്ങള്‍ക്കെതിരെ നടത്തിയ പ്രതിരോധസംഗമത്തിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ രക്ഷിക്കാന്‍ സിപിഎം പരസ്യമായി രംഗത്തിറങ്ങിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
രണ്ട് കുഞ്ഞിരാമന്‍മാരുടെയും വിധി ഇന്നല്ലെങ്കില്‍ നാളെ നിര്‍ണയിക്കപ്പെടും. അന്വേഷണം നന്നായി മുന്നോട്ടു പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കഴുത്തിന് പിടിച്ച് പുറത്താക്കുകയാണ് ഇടത് സര്‍ക്കാരും ആഭ്യന്തരവകുപ്പും എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.