തിരുവനന്തപുരം: അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ ക്യാംപുകളില്‍ വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോധിച്ച് പേരുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ഇല്ലെങ്കില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്യാം.
ഇന്നും നാളെയും സംസ്ഥാനത്തുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പോളിംഗ് ലൊക്കേഷനുകളില്‍ തന്നെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനുമുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്.
ഇതിനായി പോളിംഗ് സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കി. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. പ്രായവും താമസ സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖയും പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയുമാണ് കൊണ്ടുവരേണ്ടത്. എല്ലാ വോട്ടര്‍മാരും അവസരം വിനിയോഗിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ അറിയിച്ചു.