തിരുവനന്തപുരം: ശമ്പളം നല്കാന് കഴിയാതെ കെഎസ്ആര്‍ടിസി വലയുന്നു. സര്‍ക്കാര്‍സഹായമായി ലഭിച്ച 20 കോടിരൂപ അക്കൗണ്ടിലേക്ക് എത്താത്തതാണ് കെഎസ്ആര്‍ടിസിയെ വലച്ചത്. ജനുവരിയില്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്കിയ കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായതോടെ ഭാഗികമായാണ് ശമ്പള വിതരണം.
ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിനമായ വ്യാഴാഴ്ചയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടിയിരുന്നത്. 80 കോടി രൂപയാണ് മൊത്തം ശമ്പളത്തിന് വേണ്ടത്. എന്നാല്‍, 41 കോടിരൂപ മാത്രമാണുണ്ടായത്. പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് എണ്ണക്കമ്പനിക്കുള്ള പണമടയ്ക്കല്‍ കഴിഞ്ഞയാഴ്ച നിര്‍ത്തിവെച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി ഒരുപാട് നേരിട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുമാസമായി ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം മുടങ്ങിയിരുന്നില്ല. എണ്ണക്കമ്പനിക്കുള്ള പണമടയ്ക്കല്‍ നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി ഒമ്പതുകോടിരൂപ സമാഹരിച്ചു. സര്‍ക്കാര്‍ സഹായമായ 20 കോടിരൂപ കൂടി ലഭിച്ചാല്‍ 70 കോടിക്ക് ശമ്പളം നല്‍കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അക്കൗണ്ടില്‍ പണം എത്താത്തത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി.