തിരുവനന്തപുരം: പ്രതിരോധവകുപ്പ് പണം നല്‍കാത്തതിനെ തുടര്‍ന്ന് വിമുക്തഭടന്മാര്ക്കും കുടുംബാംഗങ്ങള്‍ക്കും സംസ്ഥാനത്തെ സ്വകാര്യാശുപത്രികള്‍ നല്‍കിയിരുന്ന സൗജന്യനിരക്കിലുള്ള ചികിത്സ ഭാഗികമായി നിര്‍ത്തി. പ്രതിരോധവകുപ്പ് ആറുമാസമായി പണം നല്‍കാത്തത് എന്ന് ഇസിഎച്ച്എസ് ചികിത്സാപട്ടികയിലുള്ള ആശുപത്രി അധികൃതര്‍ പറയുന്നു.
അടിയന്തരസ്വഭാവമുള്ള ചികിത്സകള്‍ മാത്രം ഏറ്റെടുത്താല്‍ മതിയെന്നാണ് പുതിയ തീരുമാനം. സൈനിക ആശുപത്രിയില്‍ ലഭിക്കാത്ത ഓരോ ചികിത്സയ്ക്കുമാണ് പ്രതിരോധവകുപ്പ് നിശ്ചിതതുക നല്കാന് തീരുമാനിച്ചത്. ആശുപത്രി ബില്ലുകള്‍ പ്രത്യേക ഏജന്‍സി പരിശോധിച്ചശേഷമാണ് പ്രതിരോധവകുപ്പ് പണം അനുവദിക്കുക.
എന്നാല്‍ നവംബറിനുശേഷം പ്രതിരോധവകുപ്പ് തുക അനുവദിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ചികിത്സ നിര്‍ത്തിവയ്ക്കാന്‍ ഇസിഎച്ച്എസ് എം പാനല്‍ഡ് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ഫോറം തീരുമാനിച്ചത്.
കേരളത്തിലെ രണ്ടുമേഖലകളിലായി 80 കോടിയിലധികം രൂപയാണ് നല്‍കാനുള്ളത്. തിരുനല്‍വേലി മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളാണ് തിരുവനന്തപുരം മേഖലയില്‍ വരുന്നത്. അവശേഷിക്കുന്നവ കൊച്ചി മേഖലാ കേന്ദ്രത്തിനു കീഴിലാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മാത്രം 16 കോടിയുടെ കുടിശ്ശികയുണ്ടെന്ന് ആശുപത്രി മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.