ന്യൂഡല്‍ഹി: ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ പട്ടികയിലെ ഫോട്ടോ പതിച്ച സ്ലിപ്പ് മാത്രം മതിയാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. പകരം അംഗീകാരമുള്ള പന്ത്രണ്ട് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈയ്യില്‍ കരുതേണ്ടതാണെന്ന് കമ്മിഷന് പറഞ്ഞു.
സുരക്ഷാ ഫീച്ചറുകള്‍ ഒന്നും തന്നെ വോട്ടര്‍ സ്ലിപ്പില്‍ ഇല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവരിലേക്കും എത്താതിരുന്നതിനെ തുടര്‍ന്നാണ് ഇവ ഉപയോഗിച്ചിരുന്നത്. തിരച്ചറിയല്‍ രേഖയായി ഇത് പരിഗണിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
എന്നാല്‍ സ്ലിപ്പ് പൂര്‍ണ്ണമായും നിര്‍ത്തലാക്കില്ലെന്നും ബോധവത്കരണത്തിന്റെ ഭാഗമായി അവ ആളുകളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും കമ്മീഷന് പറഞ്ഞു. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സര്‍ക്കാര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, പെന്ഷന് രേഖ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് വോട്ട് ചെയ്യാനെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഹാജരാക്കേണ്ടത്.