തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി കമ്പനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നല്‍കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും താല്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനിയായിരുന്നു ഒന്നാമതെത്തിയത്. ലേലത്തില്‍ കെഎസ്ഐഡിസി പിന്നോട്ട് പോയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നടപടി തുടങ്ങിയത്.