തിരുവല്ല: ക്രൈസ്തവ സഭകളുടെ സാമ്പത്തികഭൂമി ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിയമപരിഷ്കരണ കമ്മീഷന് ശുപാര്‍ശയ്ക്കെതിരെ ക്രൈസ്തവ സഭകള്‍. വിശ്വാസങ്ങള്‍ക്കുമേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് കമ്മീഷന് റിപ്പോര്‍ട്ടെന്നും ശുപാര്‍ശ തള്ളിയില്ലെങ്കില്‍ തുടര്‍പ്രതിഷേധവും നിയമനടപടിയുമുണ്ടാകുമെന്ന് സംയുക്ത ക്രൈസ്തവ സമ്മേളനം താക്കീത് നല്കി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി ചര്‍ച്ച് ആക്ട് ശുപാര്‍ശ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് സഭകള്‍. സര്‍ക്കാര്‍ മൗലികാവകാശങ്ങളില്‍ കടന്നുകയറുകയാണെന്നും അടുത്തമാസം ആറിനകം അഭിപ്രായം അറിയിക്കണമെന്ന സര്‍ക്കാര്‍ നിലപാട് ശുപാര്‍ശയുമായി മുന്നോട്ടുപോകുന്നുവെന്നതിന് തെളിവാണെന്നും സമ്മേളനം വ്യക്തമാക്കി.
പ്രതിഷേധം നിയമപരിഷ്കരണ കമ്മീഷന്റെ സിറ്റിംഗില്‍ അറിയിക്കും. സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണെന്നും ചങ്ങനാശേരി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാട് അറിയിക്കണം. ആവശ്യമെങ്കില്‍ ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സമ്മേളനം അറിയിച്ചു.
ഇടവകകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയും പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കാനുമുള്ള ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ കമ്മീഷന്റെ ശുപാര്‍ശക്കെതിരെയാണ് ക്രൈസ്തവ സഭകള്‍ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചത്.