തിരുവനന്തപുരം; വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ എത്രയും വേഗം സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് വൈകുന്നേരം മെഴുകുതിരി തെളിയിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. എഐസിസി ആഹ്വാന പ്രകാരമാണ് കോണ്‍ഗ്രസ് മെഴുകുതിരി തെളിയിക്കുന്നത്.
ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഡിസിസി അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ തിരിതെളിയിക്കും. ജനമഹായാത്രയുടെ സമാപനവേദിയായ ഗാന്ധിപാര്‍ക്കില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കാളും പ്രവര്‍ത്തകരും മെഴുകുതിരി തെളിയിക്കും.
കഴിഞ്ഞ ദിവസമാണ് പാകിസ്താനെതിരെ വ്യോമാക്രമണം നടത്തുന്നതിനിടെ വ്യോമസേനയുടെ പൈലറ്റായിരുന്ന അഭിനന്ദന് വര്ധമാന് പാക് കസ്റ്റഡിയിലായിരുന്നു. അഭിനന്ദനെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.