തിരുവനന്തപുരം: ഇടക്കാലാശ്വാസമായി സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ പ്രതിദിന വേതനം 50 രൂപവീതം വര്‍ധിപ്പിക്കും. മന്ത്രി ടിപി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ തേയില, കാപ്പി, ഏലം, റബര്‍ തോട്ടങ്ങളിലെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും നിലവിലുള്ള ദിവസവേതനത്തില്‍ 50 രൂപവീതം വര്‍ധനവുണ്ടായിരിക്കും.
ജൂണില്‍ വേതനപരിഷ്കരണം സംബന്ധിച്ച് തുടര്‍ചര്‍ച്ച നടത്തി അന്തിമ കരാര്‍ ഒപ്പുവയ്ക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇടക്കാലാശ്വാസത്തിന് 2019 ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാകും. ഫെബ്രുവരിയിലെ തുക മാര്‍ച്ച് 15നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.
സൂപ്പര്‍വൈസര്‍, സെലക്ടഡ് സ്പെഷ്യല്‍ കാറ്റഗറി, കുക്ക് തുടങ്ങി വിവിധ തസ്തികകളിലുള്ള മാസ ശമ്പളക്കാര്‍ക്കും ഇതേ നിരക്കില്‍ വര്‍ധന ലഭിക്കും. തോട്ടംമേഖലയിലെ വേതനപരിഷ്കരണത്തിന്റെ കാലാവധി 2018 ജൂണില്‍ പൂര്‍ത്തിയായതാണ്. വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ചര്‍ച്ച നടന്നെങ്കിലും സമവായത്തിലെത്താനായിരുന്നില്ല.