കോട്ടയം: എംജി സര്‍വകലാശാലാ യൂണിയന് കലോത്സവത്തിന് ഇന്ന് തുടക്കമാകും. പകല്‍ രണ്ടിന് നടക്കുന്ന ഘോഷയാത്രയോടെയാണ് ‘അലത്താളം 2019′ തുടക്കമാകുക. തുടര്‍ന്ന് പ്രധാന വേദിയായ തിരുനക്കര മൈതാനിയില്‍ നടന് ഹരിശ്രീ അശോകന് കലോത്സവം ഉദ്ഘാടനം ചെയ്യും.
പ്രളയത്തില്‍ കേരളത്തെ കൈപിടിച്ചു കയറ്റിയവര്ക്കുള്ള ആദരമായാണ് വിദ്യാര്‍ത്ഥികള്‍ കലോത്സവത്തിന് അലത്താളം’ എന്ന് പേര് നല്‍കിയിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ 8000 -ലധികം മത്സരാര്‍ത്ഥികള്‍ 58 ഇനങ്ങളില്‍ മാറ്റുരയ്ക്കും.
ഏഴുവേദികളിലായാണ് മത്സരം നടക്കുക. അഭിമന്യു, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ, ചലച്ചിത്ര സംവിധായകന് ലെനിന് രാജേന്ദ്രന്, വയലിനിസ്റ്റ് ബാലഭാസ്കര്‍, സിനിമാ സംവിധായകന് മൃണാള്‍ സെന്‍, നിപ്പ വൈറസ് ബാധയ്ക്കെതിരെ പോരാടി മരിച്ച നേഴ്സ് ലിനി, ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു എന്നിവരുടെ പേരുകളിലാണ് വേദികള്‍ അറിയപ്പെടുക.
പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കെ പി ജൈസലിനെയും കലോത്സവ ലോഗോ തയ്യാറാക്കിയ രാഹുല്‍ രഘുവിനെയും ഉദ്ഘാടനച്ചടങ്ങില്‍ ആദരിക്കും. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരങ്ങളായ മിയ, അനൂപ് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.