ഹരിപ്പാട്: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. സമഗ്ര ആരോഗ്യ ഇന്ഷുന്സ് പദ്ധതി അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വരും.
നിലവില്‍ ഒരു കുടുംബത്തിന് 30,000 രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 30,000 രൂപയുടെ അധിക സഹായവും മാരകരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് രണ്ടുലക്ഷം രൂപവരെ സര്‍ക്കാര്‍ നേരിട്ട് നല്‍കുമായിരുന്നു. എന്നാല്‍ ഇതെല്ലാം ഏകീകരിച്ച് ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം പുതിയ പദ്ധതിയിലൂടെ അനുവദിക്കും.
കൂടാതെ നിലവില്‍ 40.96 ലക്ഷം കുടുംബങ്ങളാണ് സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പരമാവധി അഞ്ചുപേര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്. കുടുംബനാഥന്റെ ചിത്രം പതിച്ച കാര്‍ഡാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇതിന് പകരം എല്ലാ കുടുംബാംഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേകം കാര്‍ഡ് കൊടുക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനുള്ള ക്യാംപുകള്‍ നടത്തും. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ്, കുടുംബത്തിലെ എല്ലാവരുടെയും ആധാര്‍ കാര്‍ഡ് എന്നിവ ക്യാംപില്‍ ഹാജരാക്കിയാണ് പുതുക്കേണ്ടത്. ആധാര്‍ കാര്‍ഡിലെ ചിത്രവും ഓരോരുത്തരുടെയും നമ്പറും പതിച്ച കാര്‍ഡാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ഈ കാര്‍ഡിലെ നമ്പര്‍, ആധാര്‍ നമ്പര്‍, രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ബന്ധപ്പെട്ട ആശുപത്രിയില്‍ ഹാജരാക്കി ചികിത്സതേടാം. പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ്. കരാറിന് സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ക്യാംപുകള്‍ ആരംഭിക്കും.