തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെയെല്ലാം തിരിച്ചെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് സര്‍ക്കാര്‍. പുറത്താക്കപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം 38ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് തിരിച്ചെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്നാണ് താത്കാലിക കണ്ടക്ടര്‍മാരുടെ നിലപാട്. നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചെങ്കിലും ഇടത് മുന്നണി കണ്‍വീനറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അത് നേരത്തെ പിന്‍വലിച്ചിരുന്നു.
ഇന്നത്തെ മന്ത്രിസഭായോഗത്തിലെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്നായിരുന്നു സമരസമിതിയുടെ പ്രതീക്ഷ. എന്നാല്‍ മന്ത്രിസഭായോഗത്തിലും തങ്ങളുടെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ നിരാശരായ സമരസമിതി അംഗങ്ങള്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സര്‍ക്കാരിന്റെ 1000 ദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ സമീപത്തെ മരത്തിലാണ് നാല് പേര് ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്. പോലീസും അഗ്നിശമനസേനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 3861 താത്കാലിക കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. നിയമനം പിഎസ്സി വഴി വേണമെന്നും പിന്‍വാതില്‍ നിയമനം പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശം.