തിരുവനന്തപുരം: റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ട് ടിക്കറ്റ് ബുക്കിങില്‍ പരിഷ്കരണവുമായി ഇന്ത്യന്‍ റെയില്‍വെ. ഇനിമുതല്‍ യാത്രക്കാര്‍ക്ക് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ഇന്റര്‍നെറ്റില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ലഭ്യമാക്കുന്നതിനൊപ്പം ആളില്ലാത്ത ബര്‍ത്തുകളെ കുറിച്ചുള്ള വിവരങ്ങളും ഇനിമുതല്‍ അറിയാന്‍ സാധിക്കും. ഇതിനുള്ള സംവിധാനം ഇന്ത്യന്‍ റെയില്‍വെയുടെ വെബ്സൈറ്റില്‍ ലഭിക്കും. ചാര്‍ട്ട് ഇട്ടതിന് ശേഷമാണ് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുക.
ആദ്യ ചാര്‍ട്ട് ട്രെയിന്‍ യാത്രയ്ക്ക് നാല് മണിക്കൂര്‍ മുന്‍പാണ് തയ്യാറാക്കുന്നത്. യാത്രയ്ക്ക് അര മണിക്കൂര്‍ മുമ്പ് രണ്ടാം ചാര്‍ട്ടും ക്രമീകരിക്കപ്പെടും. ഇത് രണ്ടും വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. ഇതുവഴി ടിടിയുമായി ബന്ധപ്പെട്ട് ആളില്ലാത്ത ബര്‍ത്തുകള്‍ സ്വന്തമാക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കും. ഇന്ത്യന്‍ റെയില്‍വെയുടെ കീഴിലുള്ള എല്ലാ നെറ്റ്വര്‍ക്കുകളിലും ഈ സേവനം ലഭ്യമാണ്.