തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയാണ് ഹര്‍ജി നല്‍കിയത്. വിമനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന സാമ്പത്തിക ലേലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയെ പിന്തള്ളി അദാനി ഗ്രൂപ്പ് മുന്നില്‍ എത്തിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2005ല്‍ 324 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. ഈ ഭൂമി മറ്റാര്‍ക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സര്‍ക്കാര്‍ വാദിക്കും. ഭൂമി ഏറ്റെടുക്കാന്‍ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടും.
കൂടാതെ നിയമനടപടിക്കൊപ്പം സമരം ശക്തമാക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. അതെസമയം നേരത്തെ നിയമ നടപടി സ്വീകരിക്കാതെ ലേലത്തില്‍ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം നിയമനടപടിക്ക് ഒരുങ്ങുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ആണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.