കൊച്ചി: കിടപ്പാടം ബാങ്ക് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്ത് വിജയിച്ച എറണാകുളം മാനാത്തുപാടം സ്വദേശി പ്രീതാഷാജിയും കുടുംബവും വീടും സ്ഥലവും തിരിച്ചുപിടിക്കുന്നതിനായി പലിശരഹിത വായ്പാ സമാഹരണം നടത്തുന്നു. പൊതുജനങ്ങളില്‍ നിന്നും ബാങ്ക് അക്കൗണ്ട് വഴി 45 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപിക്കുന്ന പണം തിരിച്ചുനല്‍കുമെന്ന് പ്രീതാഷാജി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനു 3 ലക്ഷം രൂപ ആദ്യ സംഭാവന കൈമാറി.
1994 ല്‍ ഭര്‍ത്താവിന്റെ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍ നിന്ന് 2 ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു ഇടപ്പള്ളിയിലെ വീടും സ്ഥലവും പ്രീതാഷാജി ഈടായി നല്‍കിയത്. വായ്പ അടവ് മുടങ്ങിയതോടെ ബാങ്ക് വീടും സ്ഥലവും കടക്കെണിയില്‍ പെട്ടു. ഇതോടെയാണ് 8.5 സെന്റ് വരുന്ന കോടികള്‍ വിലമതിക്കുന്ന കിടപ്പാടം 37.5 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ലേലത്തില്‍ വിറ്റത്.
ലേലനടപടി ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് വസ്തു ലേലം കൊണ്ട രതീഷ് നല്കിയ ഹര്‍ജി ഹൈകോടതി തള്ളിയതിനെതുടര്‍ന്നാണ് കിടപ്പാടം തിരിച്ചുകിട്ടാന്‍ പ്രീതഷാജിക്ക് വഴിയൊരുങ്ങിയത്. മാര്‍ച്ച് 15നകം 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്കിയാല്, ജപ്തി നടപടികള്‍ ഒഴിവാക്കി മാനാത്തുപാടത്തെ വീടും സ്ഥലവും പ്രീതാഷാജിക്ക് സ്വന്തമാക്കാമെന്നാണ് ഉത്തരവ്. ഈ പണം കണ്ടെത്തുന്നതിനായാണ് അക്കൗണ്ട് രൂപീകരിച്ച് പലിശരഹിത വായ്പാസമാഹരണം നടത്തുന്നത്.