തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. ഇക്കാര്യം കേരള കോണ്‍ഗ്രസിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പാര്‍ട്ടി നേതാവ് പിജെ ജോസഫ് രംഗത്ത് വന്നതിന് പിന്നാലെയാണ് ബെന്നി ബെഹനാന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസിന്റെ ആവശ്യം പ്രായോഗികമല്ല. നാളത്തെ ചര്‍ച്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കും. രണ്ട് സീറ്റ് നല്‍കാനാവില്ലെന്ന് കേരള കോണ്‍ഗ്രസിനെ അറിയിക്കും. ജോസഫ് മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കേരള കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പാര്‍ട്ടി നേതാവ് പിജെ ജോസഫ് രംഗത്ത് വന്നിരുന്നു. കോട്ടയത്തിനു പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെട്ടത്.
കേരള കോണ്‍ഗ്രസിന് എന്നും രണ്ടു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇരു മുന്നണികളായി നിന്നപ്പോഴും ഒരുമിച്ചു നിന്നപ്പോഴും രണ്ടു സീറ്റു കിട്ടിയിട്ടുണ്ട്, ചില ഘട്ടങ്ങളില്‍ മൂന്നു സീറ്റു ലഭിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് ചൂണ്ടിക്കാട്ടി.