തിരുവനന്തപുരം: അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും പേര് ചേര്‍ക്കാനും അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനായി സ്പെഷ്യല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളില്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും ക്യാംപുകള്‍ നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്കി.
വോട്ടര്‍മാര്‍ എല്ലാവരും ഈ ക്യാംപുകളില്‍ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ പേര് ചേര്‍ക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേരളത്തിലുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
ഇനി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പോളിംഗ് ലൊക്കേഷനുകളില്‍ തന്നെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും സൗകര്യമുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കാന്‍ ജില്ലാതലങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.