തിരുവനന്തപുരം: ആരോഗ്യ രംഗത്ത് ജനങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ് വര്‍ധിച്ചു വരുന്ന ചികിത്സാ ചെലവ്. ഇത് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര് ദാരിദ്ര രേഖക്ക് താഴെപോകുന്നതായി ആരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രെ പറഞ്ഞു.
ആരോഗ്യമേഖലയിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗാദ്രെ. അലയന്‍സ് ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യമേഖലയുടെ വാണിജ്യവത്കരണം തടയാന്‍ സര്‍ക്കാരുകള്‍ നയങ്ങളിലൂടെ ഇടപെടണമെന്നും ഗാദ്രെ ആവശ്യപ്പെട്ടു.
ദിനംപ്രതി ആരോഗ്യരംഗം പുരോഗമിക്കുമ്പോഴും അതിനൊപ്പം വര്‍ധിച്ചു വരുന്ന ചികിത്സാ ചെലവ് മൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പണം മാത്രം ലക്ഷ്യമിട്ടു കൊണ്ടാണ് ഇന്നത്തെ കാലത്തെ ഒാരോ സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്.
അധികൃതരുടെ നിര്‍ബന്ധം മൂലം അനാവശ്യ മരുന്നും ചികിത്സയും നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാരും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ്. മരുന്നുത്പാദനം ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.