തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് നടക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംഭവം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
എല്ലാ ആരോപണങ്ങളും പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. അന്വേഷണത്തിനെതിരെ ആക്ഷേപങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ ബഹ്റ തയ്യാറായില്ല. കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.