തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ആദ്യഘട്ടമെന്ന നിലയില്‍ നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തുമായാണ് പത്ത് ഇലക്ട്രിക് ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് 2020ഓടെ ആയിരം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യപടിയായി തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ആദ്യപടിയായിട്ടാണ് പത്ത് ബസുകള്‍ നാളെ സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലും എറണാകുളത്തും നിശ്ചിത റൂട്ടുകളില്‍ ഇലക്ട്രിക് ബസ്സ് സര്‍വ്വീസുണ്ടാകും. മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് കാരാറെടുത്തിരിക്കുന്നത്. കിലോമീറ്ററിന് 43.20 രൂപയാണ് വാടക. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും.
നേരത്തെ പമ്പ-നിലക്കല്‍ സര്‍വ്വീസിലൂടെ ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാണെന്ന് തെളിയിച്ചിരുന്നു. ഒരു കിലോമീററ്ററിന് 50.05 രൂപയാണ് ശബരിമല സര്‍വ്വീസിന് ചെലവ് വന്നത്. 110 രൂപ ശരാശരി വരുമാനം കിട്ടി. ബജറ്റ് പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പിലായാല്‍ രാജ്യത്തെ ആദ്യസമ്പൂര്‍ണ്ണ പരിസ്ഥിതി സൗഹൃദ ഗതാഗത നഗരമായി തിരുവനന്തപുരം മാറും.