തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ആന ജയരാജ് നീണ്ട് വളര്‍ന്ന കൊമ്പ് മൂലം ദുരിതം അനുഭവിക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സുഖ ചികിത്സയുടെ ഭാഗമായി ജയരാജിന്റെ കൊമ്പ് മുറിച്ചുമാറ്റി.
22 വയസുള്ള ഗജരാജരന്‍ ജയരാജിന് കൊമ്പുകള്‍ വലിയ പ്രശ്നമായിരുന്നു. കൊമ്പ് വളര്‍ന്ന് തുമ്പിക്കൈ ഉയര്‍ത്താനാകാത്ത അവസ്ഥയിലായിരുന്നു ജയരാജുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരുന്നു. കൊമ്പുകളില്‍ ഉരസി തുമ്പിക്കൈ മുറിയുകയും ചെയ്തിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായത്.
ജയരാജിന്റെ ഈ പ്രശ്നം ആനപ്രേമികള്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇടപെടലുണ്ടായത്. ആദ്യം വലത്തേ കൊമ്പ് ഒരടിയോളം നീളത്തില്‍ മുറിച്ചുനീക്കി. രക്തം വരുന്നില്ലായെന്ന് ഉറപ്പുവരുത്തിയശേഷം വാളുകൊണ്ടും പിന്നീട് ഉളികൊണ്ടും ചെത്തിമിനുക്കുകയും ചെയ്തു.
കൂടാതെ ആനയെ കെട്ടിയിടുന്ന സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനും ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം നല്കി. രണ്ടുമണിക്കൂര്‍ കൊണ്ട് രണ്ട് കൊമ്പും മുറിച്ച് മാറ്റിയതോടെ ജയരാജിന്റെ വര്‍ഷങ്ങളായുള്ള ദുരിതമാണ് ഇല്ലാതായത്.