പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയില്‍ യുവാവ് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റ് മരിച്ചു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോ ആണ് ഒരു സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. സമീപത്തെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷണം കടന്ന് പോയപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു. ലോഡിംഗ് തൊഴിലാളിയാണ് കൊല്ലപ്പെട്ട പ്രവീണ്‍.
കുത്ത് തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന് പരിക്കേറ്റു. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശിയായ അഞ്ച് പേര്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വാസിയായ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് ദീപു.